എന്റെ ബാല്ല്യകാല സ്മരണകൾ
ഓർമ്മകൾ!
ബാല്ല്യത്തിൻ മധുര സ്മരണകൾ......
ഓർത്തിടുന്നു ഞാനെൻ
ജീവിതത്തിൻ
സുവർണ്ണ ദിനങ്ങളെ.....
ഒരുപാടു സുഹൃത്തുക്കൾ,
കളിചിരികൾ,
നിഷ്കളന്കമായ പുഞ്ചിരികൾ.....
തെറ്റെന്തെന്നറിയാത്ത,
മനസ്സിനെ വഞ്ചിക്കാത്ത,
എന്റെ ഇളം പ്രായം.
ഓർമ്മതൻ കണ്ണാടിച്ചില്ലിൽ
ഇന്നും തെളിഞ്ഞു നിൽക്കുന്നു,
ആ ഇളം പ്രായത്തിൻ കുസൃതികൾ!
ആദ്യ ദിനം സ്കൂളിൽ പോയതും,
അമ്മയെ കാണാതെ കണ്ണീർ വാർത്തതും,
പതിയെ, പതിയെ
അതിനോട് ഇണങ്ങിച്ചേർന്നതും,
പുതു കൂട്ടുകാരുമായ് കൂട്ടു ചേർന്നതും,
ഓടിക്കളിച്ചതും
പാട്ടു പാടിയതുമെല്ലാം
ചെറു ഓർമ്മ മാത്രം!
പൂന്പാറ്റകളും
പുത്തനുടുപ്പുകളും
പൂക്കളും
പുൽമേടുകളും
സ്വപ്നം കണ്ടു നടന്ന കാലം!
പാടവരന്പിലൂടെ ഓടി നടന്നതും,
പുതുമഴയിൽ തുള്ളിക്കളിച്ചതും,
മഴ പെയ്ത രാവുകളിൽ
തണുത്തു വിറച്ചതും,
ഇടിയും മിന്നലും
പേടിപ്പിച്ചതും,
ഇന്നെൻ ഓർമ്മയിൽ
കുളിരായ് പെയ്തിറങ്ങുന്നു.
കൊട്ടിയും പുള്ളും
തീപ്പെട്ടിക്കളിയും
പാന്പും കോണിയും
കള്ളനും പോലീസും
കന്പും കോലും
കല്ലു കളിയും
സീമ ലിസിയും
നൊണ്ടിക്കളിയും
തായം കളിയും
ഗോലി കളിയും
ഹൊ!
അന്നു കളിക്കാത്ത കളികൾ
വല്ലതുമുണ്ടായിരുന്നോ?
ഉപ്പാന്റെ ഫോൺ വിളികൾക്കായ്
കാത്ത് കാത്തിരുന്നിതും
വേഗം വരണമെന്ന്
വാശി പിടിച്ച് കരഞ്ഞതും
ഉപ്പാന്റെ വരവിൽ
ഉള്ളറിഞ്ഞ് സന്തോഷിച്ചതും
മിഠായികൾ നൊട്ടി നുണഞ്ഞതും
ഉപ്പാന്റെ തിരിച്ചു പോക്കിൽ
പൊട്ടിക്കരഞ്ഞതും
കണ്ണീരാൽ
ഉപ്പ എന്നെ കെട്ടിപ്പിടിച്ചതും
ആശ്വസിപ്പിച്ചതും
എങ്ങനെ ഞാൻ മറക്കും?
ടീവിയും മൊബൈലും
സമയം കാർന്നു തിന്നാത്ത
സ്വച്ഛന്ദമാം മനസ്സുള്ള കാലം.
മാവിൻ ചോട്ടിൽ ഓടിക്കളിച്ചതും
മാങ്ങ പറിക്കാൻ മരം കയറിയതും
പുളിയനുറുന്പു കടിച്ചതും
താഴെ വീണതും
വീട്ടിൽ ‘കിടന്നതും’
ചമ്മലോടെ ഞാനിന്നുമോർത്തിടുന്നു.
രാത്രിയെ പേടിച്ച്,
നിലാവിനെ ഇഷ്ടപ്പെട്ട്,
കഥകളുടെ തോഴനായ്,
സ്വപ്നങ്ങളെ താലോലിച്ച്,
എന്റെ ബാല്ല്യകാലം!
ആദ്യമായ്,
അനുരാഗത്തിൻ മുകുളങ്ങൾ
രൂപം കൊണ്ടതും
അത് പരാജയമായതും
പിന്നീട് ജീവിതം മാറിമറിഞ്ഞതും
എല്ലാം, മായാത്ത ഓർമ്മകൾ തന്നെ!
ചിന്താഹീനനായ്,
അലഞ്ഞു തിരിയും മനസ്സുമായ്
ജീവിക്കുന്ന
ഇന്നിലെ എന്നിനെ
മോഹിപ്പിക്കുന്നതും
വശീകരിപ്പിക്കുന്നതുമാകുന്നു;
അനർഘമായ
അമൂല്ല്യമായ
എന്റെ ബാല്ല്യകാല സ്മരണകൾ!
No comments:
Post a Comment